അങ്കമാലിയില്‍ മക്കളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; മരണം തൃശ്ശൂരിലേക്ക് കൊണ്ടുപോകും വഴി
എറണാകുളം: അങ്കമാലിയിൽ പിഞ്ചുകുട്ടികളെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു. അങ്കമാലി തുറവൂരിൽ ഇളന്തുരുത്തി വീട്ടിൽ അഞ്ജുവാണ് മക്കളുമായി ആത്മഹത്യ ചെയ്തത്. മുറി അടച്ചിട്ട അഞ്ജു അടുക്കളയില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ സ്വന്തം ദേഹത്തേക്കും ഏഴും മൂന്നും വയസ്സുള്ള മക്കളുടെ ദേഹത്തേക്കും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭർത്താവിന്‍റെ അമ്മ വീട്ടിൽ നിന്നിറങ്ങിയ ഏതാനും മിനിറ്റുകൾക്കുള്ളിലായിരുന്നു സംഭവം. ശബ്ദം കേട്ട അയൽക്കാർ സ്ഥലത്തെത്തി മൂവരെയും ആശുപത്രിയില്‍ എത്തിച്ചു.
ഏഴ് വയസ്സുകാരി ആതിരയെയും മൂന്ന് വയസ്സുകാരൻ അനുഷിനെയും മരിച്ച നിലയിലാണ് എത്തിച്ചതെന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രി അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ അഞ്ജുവിനെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഒന്നരമാസം മുൻപാണ് അഞ്ജുവിന്‍റെ ഭർത്താവ് അനൂപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഡ്രൈവറായിരുന്ന അനൂപിന് 34 വയസ്സായിരുന്നു പ്രായം. ഭർത്താവിന്‍റെ പെട്ടെന്നുള്ള മരണത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അഞ്ജു.

Comments
Post a Comment